താഴ്മയുടെ ഗുണം
പല അധ്യാപകരെയും പോലെ, ക്യാരി തന്റെ ജോലിക്കായി എണ്ണമറ്റ മണിക്കൂറുകൾ നീക്കിവയ്ക്കുന്നു, പലപ്പോഴും പേപ്പറുകൾക്ക് മാർക്കിടുകയും വൈകുന്നേരം വരെ വിദ്യാർത്ഥികളുമായും മാതാപിതാക്കളുമായും ആശയവിനിമയം നടത്തുകയും ചെയ്യുന്നു. ഇത് നിലനിർത്താൻ, സൌഹൃദത്തിനും പ്രായോഗിക സഹായത്തിനുമായി അവൾ തന്റെ സഹപ്രവർത്തകരെ ആശ്രയിക്കുന്നു; സഹകരണത്തിലൂടെ അവളുടെ വെല്ലുവിളി നിറഞ്ഞ ജോലി എളുപ്പമാകുന്നു. അധ്യാപകരുടെ അടുത്തിടെയുള്ള ഒരു പഠനത്തിൽ നമ്മോടൊപ്പം ജോലി ചെയ്യുന്നവർ വിനയം പ്രകടിപ്പിക്കുമ്പോൾ സഹകരണത്തിന്റെ പ്രയോജനം വർദ്ധിക്കുന്നതായി കണ്ടെത്തി. സഹപ്രവർത്തകർ തങ്ങളുടെ ബലഹീനതകൾ അംഗീകരിക്കാൻ തയ്യാറാകുമ്പോൾ, മറ്റുള്ളവർക്ക് അവരുടെ അറിവ് പരസ്പരം പങ്കിടാൻ തോന്നുകയും ഗ്രൂപ്പിലെ എല്ലാവരേയും ഫലപ്രദമായി സഹായിക്കാൻ കഴിയുകയും ചെയ്യുന്നു.
സഹകരണത്തെക്കാൾ പ്രാധാന്യമുള്ളതാണ് വിനയം എന്ന് ബൈബിൾ പഠിപ്പിക്കുന്നു. "യഹോവഭക്തി" (ദൈവത്തിന്റെ സൗന്ദര്യം, ശക്തി, മഹത്വം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ നാം ആരാണെന്ന് ശരിയായി ഗ്രഹിക്കുന്നത്) നമുക്ക് "സമ്പത്തും ബഹുമാനവും ജീവനും" നൽകുന്നു (സദൃശവാക്യങ്ങൾ 22:4). ലോകത്തിൽ മാത്രമല്ല, ദൈവസഭയിലും ഫലവത്തായ രീതിയിൽ ജീവിക്കാൻ വിനയം നമ്മെ സഹായിക്കുന്നു, കാരണം നമ്മുടെ സഹവിശ്വാസികൾക്ക് നന്മ ചെയ്യാൻ നാം ശ്രമിക്കുന്നു.
നമുക്ക് “ധനവും മാനവും ജീവനും” നേടാനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ നാം ദൈവത്തെ ഭയപ്പെടുന്നത് യഥാർത്ഥ വിനയമല്ല. പകരം, "തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങിയ" യേശുവിനെ നാം അനുകരിക്കുന്നു (ഫിലിപ്പിയർ 2:7). അങ്ങനെ നമുക്ക് അവന്റെ വേലയിൽ വിനയപൂർവ്വം സഹകരിക്കുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാകാം. അവനു ബഹുമാനം നൽകുകകയും, നമുക്ക് ചുറ്റുമുള്ളവർക്ക് ജീവിത സന്ദേശം നൽകുകയും ചെയ്യാം.
ശരിയായ കേന്ദ്രബിന്ദു
ഒരു വർഷത്തിലേറെയായി ഞങ്ങൾക്ക് ഖായെ അറിയാം. ദൈവത്തെക്കുറിച്ച് ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യാൻ ആഴ്ചതോറും കൂടുന്ന പള്ളിയിൽ നിന്നുള്ള ഞങ്ങളുടെ ചെറിയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സായാഹ്നത്തിൽ ഞങ്ങളുടെ പതിവ് മീറ്റിംഗിൽ, അദ്ദേഹം ഒളിമ്പിക്സിൽ പങ്കെടുത്തതിനെക്കുറിച്ച് ഒരു പരാമർശം നടത്തി. പരാമർശം വളരെ സാധാരണമായിരുന്നു, അത് എന്റെ ശ്രദ്ധയിൽപ്പെടാതെ പോയി. ഇതാ, വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുത്ത ഒരു ഒളിമ്പ്യനെ എനിക്ക് അറിയാമെന്ന് ഞാൻ മനസ്സിലാക്കി! അദ്ദേഹം ഇത് മുമ്പ് പരാമർശിച്ചിട്ടില്ലെന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല, പക്ഷേ ഖായെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ കായിക നേട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു പ്രത്യേക ഭാഗമാണെങ്കിലും, അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹത്തിന്റെ സമൂഹം, അദ്ദേഹത്തിന്റെ വിശ്വാസം എന്നിവയായിരുന്നു തനിക്ക് കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ.
ലൂക്കോസ് 10:1-23-ലെ കഥ നമ്മുടെ വ്യക്തിത്വത്തിന്റെ കേന്ദ്രം എന്തായിരിക്കണമെന്ന് വിവരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ യേശു അയച്ച എഴുപത്തിരണ്ട് പേർ അവരുടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, "നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു" (വാക്യം 17) എന്ന് അവർ അവനോട് അറിയിച്ചു. താൻ അവർക്ക് വലിയ ശക്തിയും സംരക്ഷണവും നൽകിയിട്ടുണ്ടെന്ന് യേശു പറഞ്ഞപ്പോൾത്തന്നെ, അവർ തെറ്റായ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവൻ പറഞ്ഞു. "നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ" സന്തോഷിക്കേണ്ടത് എന്ന് യേശു ഊന്നിപ്പറഞ്ഞു. (വാക്യം 20).
ദൈവം നമുക്ക് നൽകിയിട്ടുള്ള നേട്ടങ്ങളും കഴിവുകളും എന്തൊക്കെ ആയിരുന്നാലും, നമ്മുടെ സന്തോഷത്തിനുള്ള ഏറ്റവും വലിയ കാരണം, നാം യേശുവിൽ നമ്മെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു, നമ്മുടെ ജീവിതത്തിൽ അവന്റെ ദൈനംദിന സാന്നിധ്യം നാം ആസ്വദിക്കുന്നു എന്നതാണ്.
മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുക
ഫിലിപ്പിന്റെ പിതാവ് കടുത്ത മാനസിക രോഗത്തെത്തുടർന്ന് വീട് വിട്ട് തെരുവിൽ അലഞ്ഞു നടന്നു. സിൻഡിയും അവളുടെ ഇളയ മകൻ ഫിലിപ്പും അയാളെ അന്വേഷിച്ച് ഒരു ദിവസം ചെലവഴിച്ചതിന് ശേഷം, ഫിലിപ്പ് പിതാവിന്റെ ക്ഷേമത്തിൽ ഉത്ക്കണ്ഠാകുലനായി. പിതാവും വീടില്ലാത്ത മറ്റുള്ളവരും സുരക്ഷിതരാണോ എന്ന് അവൻ അമ്മയോട് ചോദിച്ചു. പ്രതികരണമായി, പ്രദേശത്തെ ഭവനരഹിതരായ ആളുകൾക്ക് പുതപ്പുകളും മറ്റുപകരണങ്ങളും ശേഖരിക്കാനും വിതരണം ചെയ്യാനും അവർ ശ്രമം ആരംഭിച്ചു. ഒരു ദശാബ്ദത്തിലേറെയായി, സിൻഡി ഇത് തന്റെ ജീവിത ദൗത്യമായി കണക്കാക്കുന്നു, ഉറങ്ങാൻ സുരക്ഷിതമായ ഇടമില്ലാത്തതിന്റെ ബുദ്ധിമുട്ടിലേക്ക് അവളെ ഉണർത്തുന്നതിന് മകനും ദൈവത്തിലുള്ള അവളുടെ അഗാധമായ വിശ്വാസവും കാരണമായി.
മറ്റുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ ബൈബിൾ പണ്ടേ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പുറപ്പാട് പുസ്തകത്തിൽ, ദരിദ്രരായ ആളുകളുമായി നമ്മുടെ സമൃദ്ധി പങ്കുവയ്ക്കുന്നതിന് മോശെ ഒരു കൂട്ടം തത്ത്വങ്ങൾ രേഖപ്പെടുത്തുന്നു. മറ്റൊരാളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, നമ്മൾ “അതിനെ ഒരു ബിസിനസ്സ് ഇടപാടായി കണക്കാക്കരുത്’’ കൂടാതെ അതിൽ നിന്ന് ലാഭമോ നേട്ടമോ ഉണ്ടാക്കരുത് (പുറപ്പാട് 22:25). ഒരു വ്യക്തിയുടെ വസ്ത്രം പണയമായി എടുത്താൽ, അത് സൂര്യാസ്തമയത്തോടെ തിരികെ നൽകണം, കാരണം നിങ്ങളുടെ അയൽക്കാരന്റെ ഒരേയൊരു പുതപ്പ് ആ മേലങ്കിയാണ്. അവർക്ക് മറ്റെന്താണ് പുതച്ച് ഉറങ്ങാൻ കഴിയുക? (വാ. 27).
ദുരിതമനുഭവിക്കുന്നവരുടെ വേദന എങ്ങനെ ലഘൂകരിക്കാമെന്ന് കാണാൻ നമ്മുടെ കണ്ണും ഹൃദയവും തുറക്കാൻ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. പലരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ നാം ആഗ്രഹിച്ചാലും - സിൻഡിയും ഫിലിപ്പയും ചെയ്തതുപോലെ - അല്ലെങ്കിൽ ഒരു വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ നാം ശ്രമിച്ചാലും, അവരോട് മാന്യമായും കരുതലോടെയും പെരുമാറുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.
ഞാൻ ആരാണ്?
ഒരു ലോക്കൽ മിനിസ്ട്രിയുടെ നേതൃത്വ ടീമിലെ അംഗമെന്ന നിലയിൽ, ഗ്രൂപ്പ് ചർച്ചാ നേതാക്കളായി ഞങ്ങളോടൊപ്പം ചേരാൻ മറ്റുള്ളവരെ ക്ഷണിക്കുക എന്നതായിരുന്നു എന്റെ ജോലിയുടെ ഭാഗം. എന്റെ ക്ഷണങ്ങളിൽ, ആവശ്യമായ സമയ പാലനത്തെ വിവരിക്കുകയും മീറ്റിംഗുകളിലും പതിവ് ഫോൺ കോളുകൾക്കിടയിലും നേതാക്കൾ അവരുടെ ചെറിയ ഗ്രൂപ്പ് പങ്കാളികളുമായി ഇടപഴകേണ്ട വഴികൾ വിവരിക്കുകയും ചെയ്തു. എന്നാൽ അവ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ പലപ്പോഴും വിമുഖത കാണിച്ചിരുന്നു, ഒരു നേതാവാകാൻ അവർ ചെയ്യുന്ന ത്യാഗത്തെക്കുറിച്ച് ഞാൻ ബോധവാന്മാരായിരുന്നു. എന്നിട്ടും ചിലപ്പോൾ അവരുടെ മറുപടി എന്നെ പൂർണ്ണമായും കീഴടക്കും: “ഞാൻ ബഹുമാനിക്കപ്പെട്ടിരിക്കുന്നു.’’ നിരസിക്കാനുള്ള ന്യായമായ കാരണങ്ങൾ ഉദ്ധരിക്കുന്നതിനുപകരം, അവർ തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത എല്ലാത്തിനും ദൈവത്തോടുള്ള നന്ദിയാൽ തിരികെ നൽകാൻ ഉത്സുകരായതിന്റെ കാരണമായി അവർ വിവരിച്ചു.
ദൈവത്തിന് ഒരു ആലയം പണിയാൻ വിഭവങ്ങൾ നൽകേണ്ട സമയം വന്നപ്പോൾ, ദാവീദിനും സമാനമായ ഒരു പ്രതികരണം ഉണ്ടായിരുന്നു: ''എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു?'' (1 ദിനവൃത്താന്തം 29:14) ദാവീദിന്റെ ഔദാര്യം തന്റെ ജീവിതത്തിലും യിസ്രായേൽ ജനത്തിന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലിനുള്ള നന്ദിയാൽ നയിക്കപ്പെട്ടതായിരുന്നു. അവന്റെ പ്രതികരണം അവന്റെ വിനയത്തെക്കുറിച്ചും “പരദേശികളോടും അപരിചിതരോടുമുള്ള’’ അവന്റെ നന്മയുടെ അംഗീകാരത്തെക്കുറിച്ചും സംസാരിക്കുന്നു (വാ. 15).
ദൈവത്തിന്റെ വേലയ്ക്കുള്ള നമ്മുടെ ദാനം-സമയമായാലും കഴിവോ പണമോ ആയാലും-നമുക്ക് അവ തന്നവനോടുള്ള നമ്മുടെ നന്ദിയെ പ്രതിഫലിപ്പിക്കുന്നു. നമുക്കുള്ളതെല്ലാം അവന്റെ കൈയിൽ നിന്നാണ് വരുന്നത് (വാ.14); പ്രതികരണമായി, നമുക്ക് അവനു നന്ദിപൂർവ്വം നൽകാം.
ഒരു അസാദ്ധ്യ സമ്മാനം
എന്റെ ഭർത്തൃ-മാതാവിന്റെ ജന്മദിനത്തിന് അനുയോജ്യമായ സമ്മാനം കണ്ടെത്തിയതിൽ ഞാൻ ആഹ്ലാദിച്ചു: ബ്രേസ് ലെറ്റിൽ അവളുടെ ജന്മദിനക്കല്ല് പോലും ഉണ്ടായിരുന്നു! മറ്റൊരാൾക്ക് അനുയോജ്യമായ ആ സമ്മാനം കണ്ടെത്തുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്. എന്നാൽ വ്യക്തിക്ക് ആവശ്യമുള്ള സമ്മാനം നൽകുന്നത് നമ്മുടെ കഴിവിന് അതീതമായാലോ? ഒരാൾക്ക് മനസ്സമാധാനം, വിശ്രമം, അല്ലെങ്കിൽ ക്ഷമ എന്നിവ നൽകണമെന്ന് നമ്മളിൽ പലരും ആഗ്രഹിക്കുന്നു. അവ വാങ്ങുവാനുംസമ്മാനമായി പൊതിയുവാനും കഴിഞ്ഞിരുന്നെങ്കിൽ!
ഇത്തരത്തിലുള്ള സമ്മാനങ്ങൾ ഒരാൾ മറ്റൊരാൾക്ക് നൽകുന്നത് അസാധ്യമാണ്. എന്നിട്ടും യേശു-മനുഷ്യശരീരത്തിലുള്ള ദൈവം- തന്നിൽ വിശ്വസിക്കുന്നവർക്ക് അത്തരമൊരു “അസാധ്യമായ” സമ്മാനം നൽകുന്നു: സമാധാനത്തിന്റെ സമ്മാനം. ശിഷ്യന്മാരെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, പരിശുദ്ധാത്മാവിന്റെ വാഗ്ദാനത്താൽ യേശു അവരെ ആശ്വസിപ്പിച്ചു: “അവൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും’’ (യോഹന്നാൻ 14:26). അവരുടെ ഹൃദയങ്ങൾ അസ്വസ്ഥമാകുമ്പോഴോ ഭയം അനുഭവിക്കുമ്പോഴോ ശാശ്വതവും അചഞ്ചലവുമായ ഒരു സമ്മാനമായി അവൻ അവർക്ക് സമാധാനം-തന്റെ സമാധാനം -വാഗ്ദാനം ചെയ്തു. അവൻ, അവൻ തന്നെ, ദൈവത്തോടും മറ്റുള്ളവരോടും നമ്മോടുതന്നേയും ഉള്ള നമ്മുടെ സമാധാനമാണ്.
നമ്മുടെ പ്രിയപ്പെട്ടവർക്ക് അധിക ക്ഷമയോ അവർ ആഗ്രഹിക്കുന്ന മെച്ചപ്പെട്ട ആരോഗ്യമോ നൽകാനുള്ള കഴിവ് നമുക്കുണ്ടായേക്കില്ല. ജീവിതസമരങ്ങൾക്കിടയിൽ നമുക്കെല്ലാവർക്കും സഹിച്ചുനില്ക്കാൻ ആവശ്യമായ സമാധാനം അവർക്ക് നൽകാനും നമ്മുടെ ശക്തിയാൽ കഴിയുന്നതല്ല. എന്നാൽ സത്യവും ശാശ്വതവുമായ സമാധാനത്തിന്റെ ദാതാവും മൂർത്തരൂപവുമായ യേശുവിനെക്കുറിച്ച് അവരോട് സംസാരിക്കാൻ ആത്മാവിനാൽ നയിക്കപ്പെടാൻ നമുക്കു കഴിയും.
ചുവന്ന വസ്ത്ര പദ്ധതി
ബ്രിട്ടീഷ് ആർട്ടിസ്റ്റ് കിർസ്റ്റി മക് ലിയോഡാണ് റെഡ് ഡ്രസ് പ്രോജക്റ്റ് വിഭാവനം ചെയ്തത്, ഇത് ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ഗാലറികളിലും ഒരു പ്രദർശനമായി മാറി. പതിമൂന്ന് വർഷക്കാലം, മുന്നൂറിലധികം സ്ത്രീകൾക്കും (ഒരുകൂട്ടം പുരുഷന്മാർക്കും) എംബ്രോയ്ഡറി ചെയ്യുന്നതിനായി ബർഗണ്ടി സിൽക്കിന്റെ എൺപത്തിനാല് കഷണങ്ങൾ ലോകമെമ്പാടും സഞ്ചരിച്ചു. ഈ ഭാഗങ്ങൾ പിന്നീട് ഒരു ഗൗണായി നിർമ്മിച്ചു, എംബ്രോയ്ഡറി സംഭാവന ചെയ്ത ഓരോ കലാകാരന്റെയും -അവരിൽ പലരും പാർശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരുമാണ് - കഥകൾ പറയുന്നവയായിരുന്നു അത്.
ചുവന്ന വസ്ത്രം പോലെ, അഹരോനും അവന്റെ പിൻഗാമികളും ധരിച്ചിരുന്ന വസ്ത്രങ്ങൾ പല “വിദഗ്ദരായ തൊഴിലാളികൾ” ചേർന്നു നിർമ്മിച്ചതാണ് (പുറപ്പാട് 28:3). പൗരോഹിത്യ വസ്ത്രങ്ങൾക്കുള്ള ദൈവത്തിന്റെ നിർദ്ദേശങ്ങളിൽ യിസ്രായേലിന്റെ കൂട്ടായ കഥ പറയുന്ന വിശദാംശങ്ങൾ ഉൾപ്പെടുന്നു - ഗോത്രങ്ങളുടെ പേരുകൾ പുരോഹിതന്മാരുടെ ചുമലിൽ “യഹോവയുടെ മുമ്പാകെ ഒരു ഓർമ്മയ്ക്കായി” ഇരിക്കും (വാ. 12). നിലയങ്കികൾ, എംബ്രോയ്ഡറി ചെയ്ത നടുക്കെട്ടുകൾ, മുടികൾ എന്നിവ പുരോഹിതന്മാർക്ക് “മഹത്വവും അലങ്കാരവും” നൽകി, അവർ ദൈവത്തെ സേവിക്കുകയും ആരാധനയിൽ ആളുകളെ നയിക്കുകയും ചെയ്തു (വാ. 40).
യേശുവിലുള്ള പുതിയ ഉടമ്പടി വിശ്വാസികൾ എന്ന നിലയിൽ, നാം-ഒരുമിച്ച്-ദൈവത്തെ സേവിക്കുകയും ആരാധനയിൽ പരസ്പരം നയിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ ഒരു പൗരോഹിത്യമാണ് (1 പത്രൊസ് 2:4-5, 9); യേശു നമ്മുടെ മഹാപുരോഹിതനാണ് (എബ്രായർ 4:14). പുരോഹിതന്മാരാണെന്ന് സ്വയം തിരിച്ചറിയാൻ പ്രത്യേക വസ്ത്രങ്ങളൊന്നും നാം ധരിക്കുന്നില്ലെങ്കിലും, അവന്റെ സഹായത്താൽ, നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിക്കുന്നു” (കൊലൊസ്യർ 3:12).
ആരാധനയുടെ ഉത്സവങ്ങൾ
ഒരു വലിയ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധം മാറ്റിയേക്കാം. യുകെയിലെയും യുഎസിലെയും മൾട്ടി-ഡേ ഒത്തുചേരലുകളിൽ 1,200-ലധികം ആളുകളുമായി സംവദിച്ചതിന് ശേഷം, വലിയ ഉത്സവങ്ങൾ നമ്മുടെ ധാർമ്മിക ദിശയെ ബാധിക്കുമെന്നും മറ്റുള്ളവരുമായി വിഭവങ്ങൾ പങ്കിടാനുള്ള നമ്മുടെ സന്നദ്ധതയെ പോലും ബാധിക്കുമെന്നും ഗവേഷകനായ ഡാനിയൽ യുഡ്കിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മനസ്സിലാക്കി. ഫെസ്റ്റിവലിൽ പങ്കെടുത്തവരിൽ 63 ശതമാനം പേർക്കും ഒരു “രൂപാന്തരീകരണ'' അനുഭവം ഉണ്ടായെന്നും അതവരെ മാനുഷികതയുമായി കൂടുതൽ ബന്ധിപ്പിച്ചെന്നും സുഹൃത്തുക്കളോടും കുടുംബത്തോടും തികച്ചും അപരിചിതരോടുപോലും കൂടുതൽ ഉദാരമനസ്കത കാണിക്കാനും ഇടവരുത്തിയതായും അവരുടെ ഗവേഷണം കണ്ടെത്തി.
എന്നിരുന്നാലും, ദൈവത്തെ…
ചോക്കലേറ്റ് മഞ്ഞുപരലുകൾ
സ്വിറ്റ്സർലൻഡിലെ ഓൾട്ടൻ നിവാസികൾ, നഗരം മുഴുവൻ ചോക്ലേറ്റ് മഞ്ഞു വർഷിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു. സമീപത്തെ ഒരു ചോക്ലേറ്റ് ഫാക്ടറിയിലെ വെന്റിലേഷൻ സംവിധാനം തകരാറിലായതിനാൽ കൊക്കോ വായുവിലേക്ക് ഉയരുകയും മിഠായി പ്രദേശത്തെ മുഴുവൻ മൂടുകയും ചെയ്തു. ചോക്ലേറ്റ് കൊതിയന്മാരുടെ സ്വപ്ന സാക്ഷാത്കാരം പോലെ ഇതു തോന്നി!
ചോക്കലേറ്റ് ഒരാളുടെ പോഷക ആവശ്യങ്ങൾക്ക് മതിയായത് നൽകാതിരിക്കുമ്പോൾ, ദൈവം യിസ്രായേല്യർക്ക് പോഷക സമൃദ്ധമായ ഒരു സ്വർഗ്ഗീയ മഴ നൽകി. അവർ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ, മിസ്രയീമിൽ ഉപേക്ഷിച്ചുപോന്ന പലതരം ഭക്ഷണങ്ങളെക്കുറിച്ച് അവർ പിറുപിറുത്തു. മറുപടിയായി, ദൈവം അവരെ നിലനിറുത്താൻ “ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും” എന്നു പറഞ്ഞു (പുറപ്പാട് 16:4). ഓരോ ദിവസവും പ്രഭാതത്തിലെ മഞ്ഞ് ഉരുകുമ്പോൾ, ഭക്ഷണത്തിന്റെ ഒരു നേർത്ത പരലുകൾ അവശേഷിച്ചു. ഏകദേശം 20 ലക്ഷം യിസ്രായേല്യർക്ക് ആ ദിവസം ആവശ്യമുള്ളത്ര ശേഖരിക്കാൻ നിർദ്ദേശം നൽകി. നാൽപ്പതു വർഷത്തെ മരുഭൂമി യാത്രയിൽ അവർ മന്നയിലൂടെയുള്ള ദൈവത്തിന്റെ അമാനുഷികമായ കരുതലുകളാൽ പോഷിപ്പിക്കപ്പെട്ടു.
മന്നയെക്കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രമേ അറിയൂ, അത് “മല്ലിയുടെ” ആകൃതിയുള്ളതും വെളുത്തതും “തേൻ കൊണ്ട് ഉണ്ടാക്കിയ ദോശ പോലെ’’ രുചിയുള്ളതുമാണ് (വാ. 31). മന്ന ചോക്ലേറ്റ് പോലെ ആകർഷകമല്ലെങ്കിലും, തന്റെ ജനത്തിനായുള്ള ദൈവിക കരുതലിന്റെ മാധുര്യം വ്യക്തമാണ്. നമ്മെ അനുദിനം പുലർത്തുകയും നിത്യജീവന്റെ ഉറപ്പ് നൽകുകയും ചെയ്യുന്ന “ജീവന്റെ അപ്പം” (യോഹന്നാൻ 6:48) എന്ന് സ്വയം വിശേഷിപ്പിച്ച യേശുവിലേക്ക് മന്ന നമ്മെ ചൂണ്ടിക്കാണിക്കുന്നു (വാ. 51).
ദൈവത്തിന്റെ കരങ്ങളിൽ
പതിനെട്ട് വയസ്സ് തികഞ്ഞത് എന്റെ മകളുടെ ജീവിതത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായിരുന്നു. നിയമപരമായി പ്രായപൂർത്തിയായ അവൾക്ക് ഇനി ഭാവി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ട്. ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ഉടൻ തന്നെ അവൾ ജീവിതത്തിൽ പുതിയ മേഖലകളിലേക്കു കടക്കും. ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള ബോധം എന്നിൽ ഉളവാക്കി-അവൾ സ്വന്തമായി ലോകത്തെ അഭിമുഖീകരിക്കാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഞങ്ങൾക്ക് ഒരുമിച്ചു ലഭിക്കുന്ന ഹ്രസ്വമായ സമയംകൊണ്ട് അവൾക്കാവശ്യമായ ജ്ഞാനം - സാമ്പത്തികം എങ്ങനെ കൈകാര്യം ചെയ്യണം, ലോകത്തിൽ നേരിടുന്ന പ്രശ്നങ്ങളിൽ എങ്ങനെ ജാഗ്രത പാലിക്കണം, നല്ല തീരുമാനങ്ങൾ എടുക്കേണ്ടതെങ്ങനെ തുടങ്ങിയവ - പകർന്നുനൽകേണ്ടതുണ്ട്.
എന്റെ മകളെ അവളുടെ ജീവിതം കൈകാര്യം ചെയ്യാൻ സജ്ജയാക്കാനുള്ള എന്റെ കർത്തവ്യബോധം മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാറ്റിനുമുപരി, ഞാൻ അവളെ സ്നേഹിക്കുകയും അവൾ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് ഒരു പ്രധാന റോൾ ഉണ്ടെന്നതു ശരിയാണെങ്കിലും അത് എന്റെ മാത്രം ജോലി ആയിരുന്നില്ല-അല്ലെങ്കിൽ പ്രാഥമികമായി പോലും എന്റെ ജോലിയായിരുന്നില്ല. തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ വാക്കുകളിൽ - വിശ്വാസത്തിൽ തന്റെ മക്കൾ എന്ന് അവൻ കരുതുകയും യേശുവിനെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്ത ഒരു കൂട്ടം ആളുകൾ - പരസ്പരം സഹായിക്കാൻ അവൻ അവരെ പ്രേരിപ്പിച്ചു (1 തെസ്സലൊനീക്യർ 5:14-15), എങ്കിലും ആത്യന്തികമായി അവൻ അവരുടെ വളർച്ചയ്ക്കായി അവൻ ദൈവത്തെ വിശ്വസിച്ചു. ദൈവം തന്നേ അവരെ “മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ” (വാക്യം 23) എന്ന് അവൻ ഏല്പിച്ചുകൊടുത്തു.
അവരുടെ ആത്മാവിനെയും പ്രാണനെയും ദേഹത്തെയും യേശുവിന്റെ മടങ്ങിവരവിനായി ഒരുക്കുക എന്ന, തനിക്കു ചെയ്യാൻ കഴിയാത്ത കാര്യം ചെയ്യുന്നതിനായി പൗലൊസ് ദൈവത്തിലാശ്രയിച്ചു (വാക്യം 23). തെസ്സലൊനീക്യർക്കുള്ള അവന്റെ ലേഖനങ്ങളിൽ ധാരാളം നിർദ്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും, അവരുടെ ക്ഷേമത്തിനും ഒരുക്കത്തിനും വേണ്ടിയുള്ള ദൈവത്തിലുള്ള അവന്റെ ആശ്രയം നമ്മെ പഠിപ്പിക്കുന്നത്, നാം പരിപാലിക്കുന്നവരുടെ ജീവിതത്തിന്റെ വളർച്ച ആത്യന്തികമായി ദൈവത്തിന്റെ കരങ്ങളിലാണെന്നാണ് (1 കൊരിന്ത്യർ 3:6).
വിശ്വാസത്തിന്റെ വിത്തുകൾ
കഴിഞ്ഞ വസന്തകാലത്ത്, ഞങ്ങളുടെ പുൽത്തകിടി എയ്റേറ്റ് (മണ്ണിനടിയിൽ വായുസഞ്ചാരം കൂട്ടുന്നതിനുള്ള പ്രക്രിയ) ചെയ്യുന്നതിന്റെ തലേദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ഞങ്ങളുടെ മേപ്പിൾ മരത്തിൽ നിന്നുള്ള വിത്തുകൾ നിലത്തു മുഴുവനും ചിതറിവീണു. പിറ്റേന്ന്, എയ്റേറ്റ് യന്ത്രം മണ്ണിളക്കിയപ്പോൾ, മേപ്പിൾ വിത്തുകളെല്ലാം മണ്ണിനടിയിലായി. രണ്ടാഴ്ചയ്ക്കു ശേഷം എന്റെ പുൽത്തകിടിയിൽ ഒരു മേപ്പിൾ വനം വളരാനാരംഭിച്ചു!
ഞാൻ (നിരാശയോടെ) പുൽത്തകിടിയിൽ മാറ്റിസ്ഥാപിക്കപ്പെട്ട സസ്യജാലങ്ങളെ നോക്കി നടക്കുമ്പോൾ, ഒരു വൃക്ഷം മുളപ്പിച്ച പുതുജീവന്റെ സമൃദ്ധി എന്നെ ഞെട്ടിച്ചു. ഓരോ മിനിയേച്ചർ മരവും, ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുമായി എനിക്ക് പങ്കിടാൻ കഴിയുന്ന ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ ചിത്രമായി മാറി. നമ്മുടെ ജീവിതത്തിനിടയിൽ '[നമുക്ക്] ഉള്ള പ്രത്യാശയുടെ കാരണം പറയാൻ'' (1 പത്രൊസ് 3:15) നമുക്ക് ഓരോരുത്തർക്കും എണ്ണമറ്റ അവസരങ്ങളുണ്ട്.
യേശുവിലുള്ള പ്രത്യാശയോടെ നാം 'നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുമ്പോൾ' (വാ. 14), അത് നമുക്ക് ചുറ്റുമുള്ളവർക്ക് ദൃശ്യമാകുകയും ദൈവത്തെ ഇതുവരെ വ്യക്തിപരമായി അറിയാത്തവർക്ക് അത് ഒരു കൗതുകമായി മാറുകയും ചെയ്തേക്കാം. നമ്മൾ തയ്യാറാണെങ്കിൽ, അവർ ആവശ്യപ്പെടുന്നതനുസരിച്ച് പുതിയ ജീവൻ പുറപ്പെടുവിക്കുന്ന വിത്ത് നമുക്ക് പങ്കുവെക്കാം. ഏതെങ്കിലും തരത്തിലുള്ള ആത്മീയ കാറ്റിൽ എന്നപോലെ നാം അത് എല്ലാവരുമായും ഒരേസമയം പങ്കിടേണ്ടതില്ല. മറിച്ച്, വിശ്വാസത്തിന്റെ വിത്ത് അത് സ്വീകരിക്കാൻ തയ്യാറായ ഒരു ഹൃദയത്തിലേക്ക് നാം സൗമ്യമായും ആദരവോടെയും ഇടുന്നു.